Sports
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ( ഐഎസ്എൽ) പുതിയ സീസൺ പ്രഖ്യാപിച്ചു. ഫെബ്രുവരി 14ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 14 ടീമുകൾ പങ്കെടുക്കും.
ആകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാവുക. നേരത്തെ ടൂർണമെന്റ് ഗോവയിൽ മാത്രമായി നടത്താനായിരുന്നു ആലോചന. എന്നാൽ പുതിയ തീരുമാനപ്രകാരം വിവിധ ടീമുകളുടെ ഹോം ഗ്രൗണ്ടുകളിലടക്കം ഐഎസ്എൽ മത്സരങ്ങൾ നടക്കും.
കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ക്ലബുകൾ മത്സരത്തിന് തയാറായതെന്നാണ് സൂചന. താരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശമാണ് ലീഗ് പുനരാരംഭിക്കുന്നതിൽ നിർണായകമായത്.
ഐഎസ്എൽ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 14 കോടി രൂപ നൽകും. അതേസമയം മത്സരക്രമം ഉടൻ തന്നെ അധികൃതർ പുറത്തുവിടും.
Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഇത്തവണത്തെ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിംഗ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ.
ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ആലോചന. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക.
ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.
ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.
Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ 2025-26 സീസണ് ഫെബ്രുവരി അഞ്ചിന് ആരംഭിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ആയിരിക്കും അടുത്ത 20 വര്‍ഷത്തേക്കുള്ള ഐഎസ്എല്ലിന്റെ പൂര്‍ണ അധികാരികളും നിയന്താക്കളും. ഇതു സംബന്ധിച്ച് ക്ലബ്ബുകളുമായി എഐഎഫ്എഫ് ധാരണയില്‍ എത്തി.
2026-27 സീസണ് ഇങ്ങനെ
അടുത്ത സീസണ് മുതല്‍, ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി ജൂണ്‍ ഒന്ന് മുതല്‍ മേയ് 31വരെ നീളുന്ന രീതിയിലായിരിക്കും ഐഎസ്എല്‍ സീസണ്. അതുപോലെ തരംതാഴ്ത്തലും ഉയര്‍ത്തലും ലീഗില്‍ ഉണ്ടായിരിക്കും. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) നിയമാനുസൃതമായാണ് ഇക്കാര്യങ്ങള്‍ നടപ്പാക്കുക.
വര്‍ഷം ഒരു കോടി
സെന്‍ട്രല്‍ ഓപ്പറേഷണല്‍ ബജറ്റായി 70 കോടി രൂപയാണ് പുതിയ രീതിയിലുള്ള ഐഎസ്എല്ലിന്റെ ആദ്യ സീസണിനായി കരുതുക. ക്ലബ്ബുകള്‍ അടിസ്ഥാന പങ്കാളിത്ത ഫീസ് ആയി ഒരു കോടി രൂപ നല്‍കണം.
വരുമാനത്തിന്റെ 10 ശതമാനം ഫെഡറേഷനും 30 ശതമാനം കൊമേഷ്യല്‍ പങ്കാളിക്കുമായി കരുതല്ധനമാക്കും. ലീഗിന്റെ സാമ്പത്തിക വരുമാനം 96 കോടി കടക്കുമ്പോള്‍ 60 ശതമാനം ക്ലബ്ബുകള്‍ക്കായി പങ്കുവയ്ക്കും. ഇതില്‍ 50 ശതമാനം എല്ലാ ക്ലബ്ബുകള്‍ക്കും തുല്യമായി പങ്കുവയ്ക്കും. ബാക്കിയുള്ള 10 ശതമാനം അധികമായി നിക്ഷേപിക്കുന്ന ക്ലബ്ബുകള്‍ക്കായാണ് പങ്കുവയ്ക്കുക.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിനിടെ അടിയന്തര നടപടിക്കുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) നാടകം വിമര്‍ശനങ്ങള്‍ക്കു വിധേയമായി.
എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരുദിവസംതന്നെ രണ്ട് മെയില്‍ അയച്ചതാണ് വിമര്‍ശനമുണ്ടാക്കിയത്. വൈകുന്നേരം അഞ്ചിനു മുമ്പ് ഫീഡ്ബാക്ക് നല്‍കണമെന്ന നിര്‍ദേശത്തോടെ രാവിലെ ആദ്യ മെയില്‍ അയച്ചു. തുടര്‍ച്ച് ഫീഡ്ബാക്ക് നല്കുകയല്ല, രാത്രി ഏഴിന് സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന നിര്‍ദേശത്തോടെ രണ്ടാമതും മെയില്‍ അയയ്ക്കുകയായിരുന്നു.
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫീഡ്ബാക്കാണ് എം. സത്യനാരായണല് എക്സിക്യൂട്ടീവ് കമ്മിറ്റിയില്നിന്നാരാഞ്ഞത്. ഐഎസ്എല്‍ നടത്താനുള്ള നീക്കം നടത്തിയേ മതിയാകൂ എന്നും കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച മെയിലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
37.4 കോടി രൂപ
റിലയന്‍സ് ഗ്രൂപ്പ് (ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍, 15 വര്‍ഷത്തേക്കുള്ള വാണിജ്യ പങ്കാളിത്തത്തിനായാണ് എഐഎഫ്എഫ് പ്രൊപ്പോസല്‍ ക്ഷണിച്ചത്. വര്‍ഷം 37.4 കോടി രൂപയാണ് എഐഎഫ്എഫ് വാണിജ്യ പങ്കാളിത്തത്തിനായി വിലയിട്ടതെന്നതും ശ്രദ്ധേയം. ഈ മാസം ഏഴായിരുന്നു ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വാണിജ്യ പങ്കാളിത്തം ഏറ്റെടുക്കാന്‍ കമ്പനികള്‍ തയാറാണെങ്കിലും നിലവിലെ രീതിയില്‍ പണം മുടക്കാന്‍ തയാറല്ല. നിലവിലെ സുപ്രധാന പ്രശ്നം വാണിജ്യ പങ്കാളിത്തക്കാര്ക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
വെബ്സൈറ്റ് നിര്‍മാണം അടക്കമുള്ള ചെറിയ കാര്യങ്ങളില്‍പോലും ഫെഡറേഷന്റെ അനുമതി വേണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഐഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ കൊമേഷ്യല്‍ പാട്ണര്‍ക്ക് ഒരു സീറ്റ് മാത്രമേയുള്ളൂ. എഐഎഫ്എഫ് ആറില്‍ രണ്ട് സീറ്റ് കൈയടക്കിവച്ചിരിക്കുകയാണെന്നതാണ് ഇന്‍വെസ്റ്റേഴ്സ് മുന്നോട്ടുവരാത്തതിന്റെ സുപ്രധാന കാരണം.
ബിസിസിഐ സഹായം?
ഇന്ത്യയിലെ ഫുട്ബോളിനെ രക്ഷിക്കാന്‍ ക്രിക്കറ്റ് ഭരണ സംഘമായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) മുന്നോട്ടുവരുമോ എന്ന ചോദ്യവും ഇതിനിടെ ഉദിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ സീനിയര്‍ ഒഫീഷല്‍ നടത്തിയ പ്രസ്താവനയാണ് ഇതിനു പിന്നില്‍.
ബിസിസിഐ ഇന്ത്യന്‍ ഫുട്ബോളിനെ സ്പോണ്സര് ചെയ്യണമെന്നായിരുന്നു ഈസ്റ്റ് ബംഗാള്‍ ഒഫീഷലിന്റെ വാക്കുകള്‍. ഐഎസ്എല്‍ സ്വന്തം കാലില്‍ നില്ക്കുന്നതുവരെ, കുറച്ചു വര്‍ഷത്തേക്ക് ബിസിസിഐ സഹായിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോളിന് അതൊരു വലിയ സഹായമാകുമെന്നും ഈസ്റ്റ് ബംഗാള്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Sports
മഡ്ഗാവ്: “പത്രക്കുറിപ്പുകളും പ്രസ്താവനകളും ഞങ്ങള്‍ക്കു വേണ്ട. നടപടിയാണ് ആവശ്യം. ഞങ്ങള്‍ക്കു ഫുട്ബോള്‍ കളിക്കണം.
നിങ്ങള്‍ ഒരു ആവാസവ്യവസ്ഥയെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്’’- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ഒഡീഷ എഫ്സിയുടെ ക്യാപ്റ്റന്‍ കാര്‍ലോസ് ഡെല്‍ഗാഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. സുനില്‍ ഛേത്രി അടക്കമുള്ള ഇന്ത്യന്‍ മുന്‍നിര താരങ്ങളും ഫുട്ബോള്‍ കളിക്കണമെന്ന ആവശ്യമുള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പങ്കുവച്ചു.
ഛേത്രിയും ഡെല്ഗാഡോയുമെല്ലാം രൂക്ഷമായി പ്രതികരിക്കാനുള്ള കാരണം ഒന്നുമാത്രം, 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. സുപ്രീംകോടതി ഇടപെട്ടശേഷം പ്രശ്നപരിഹാരത്തിനു നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. ഐഎസ്എല്‍ 2025-26 സീസണ് വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാജയപ്പെട്ടതാണ് നിലവിലെ പ്രശ്നം.
2025-26 സീസണ് മുടങ്ങാനുള്ള പ്രധാന കാരണം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്തതായിരുന്നു.
എഐഎഫ്എഫ് പ്രസ്താവന
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത നടപടി അതിനുശേഷം തീരുമാനിക്കും- എഐഎഫ്എഫ് പുറത്തുവിട്ട ഈ പ്രസ്താവനയാണ് കാര്‍ലോസ് ഡെല്‍ഗാഡോയെ ചൊടിപ്പിച്ചത്.
വാണിജ്യ പങ്കാളിത്തപ്രശ്നം
റിലയന്‍സ് പിന്‍വാങ്ങിയെങ്കിലും വാണിജ്യ പങ്കാളികളാന് തയാറായി അഞ്ച് കമ്പനികള്‍ എഐഎഫ്എഫിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍, ഗവേണിംഗ് കൗണ്‍സിലിലെ ആറില്‍ ഒരു സീറ്റ് മാത്രമേ ഇന്‍വെസ്റ്റേഴ്സിനു ലഭിക്കൂ എന്നതിനാല്‍ (അതായത് 17 ശതമനാം പങ്കാളിത്തം) ബിഡ് സമര്‍പ്പിക്കാന്‍ ആരും തയാറായില്ല. വാണിജ്യ പങ്കാളികൾക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.